
തൃശ്ശൂർ പൂരം കലക്കലിൽ അതീവരഹസ്യമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായിട്ടാണ് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. പൂരം അലങ്കോലപ്പെട്ട സംഭവം ബിജെപി പ്രവർത്തകരാണ് അറിയിച്ചതെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴിനൽകി. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയിലാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്.
പൂരനഗരിയിലേക്ക് ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഐപിസി ആക്ട്, മോട്ടർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസിൽ, മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നായിരുന്നു കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 34 വകുപ്പുകൾ, മോട്ടർ വാഹന നിയമത്തിലെ 179, 184, 188, 192 വകുപ്പുകൾ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.











